Thursday, September 30, 2010

വേദപുസ്തകത്തിലെ ജനാധിപത്യം

സി.കെ.ലത്തീഫ് തന്റെ "മുഖംമൂടിയണിഞ്ഞ ജമാഅത്തെ ഇസ്‌ലാമി?" എന്ന ലേഖനത്തില്‍ എഴുതിയിരിക്കുന്ന ചില വാചകങ്ങളാണ്:

ഇസ്‌ലാം എന്നത് കേവലം ഒരു ആദ്യാത്മിക മതമല്ല. ഒരു ജീവിത ദര്‍ശനമാണ്. സമ്പൂര്‍ണവ്യവസ്ഥയാണ്. മനുഷ്യന്റെ ലൗകിവും പാരത്രികവുമായ പരിഹാരമാണ്. ഒരു ദൈവിക വ്യവസ്ഥ സ്വാഭാവികമായും അത് ആവശ്യപ്പെടുന്നുണ്ട്. വ്യക്തിജീവിതത്തില്‍ ദൈവികനിയമങ്ങള്‍ പാലിക്കണമെന്നത് പോലെ സാമൂഹ്യമേഖലകളിലും ദൈവികനിയമങ്ങല്‍ പര്യപ്തമാണെന്ന് അത് ഉറച്ചുവിശ്വസിക്കുന്നു. രാഷ്ട്രീയമായ മേഖലകളിലും ദൈവികനിയമനിര്‍ദ്ദേശങ്ങളെ വെല്ലാന്‍ മറ്റൊരു നിയമമില്ല എന്നാണ് അതിന്റെ പ്രബോധനം..... ഇത് മനസ്സിലാക്കുന്ന ജമാഅത്തെ ഇസ്‌ലാമി തങ്ങളുള്‍കൊള്ളുന്ന സമൂഹത്തില്‍ ഇതെങ്ങനെ പ്രാവര്‍ത്തികമാക്കും എന്ന വഴി അന്വേഷിക്കുക സ്വാഭാവികമാണ്. അതിനവര്‍ക്ക് കാലാകാലങ്ങളില്‍ കൂടിയാലോചനകളിലൂടെ ലഭിച്ച ഉത്തരമാണ് അതിന്റെ രാഷ്ട്രീയ നിലപാടുകള്‍. ജമാഅത്ത് ആദ്യമായി രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയല്ല ഇപ്പോഴുണ്ടായത്. ഇതുവരെ അതെടുക്കുന്ന രാഷ്ട്രീയ തീരുമാനങ്ങള്‍ നിലവിലുള്ള ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രയോജനകരമായതുകൊണ്ട് ഇപ്പോള്‍ അവര്‍ പറയുന്ന ആരോപണങ്ങളൊന്നും മിണ്ടാറില്ല. ജമാഅത്തെടുത്ത് പുതിയ തീരുമാനം തങ്ങളുടെ രാഷ്ട്രീയത്തെ എങ്ങനെ ബാധിക്കുമെന്നാണ് അവര്‍ ചിന്തിച്ചത്. മാത്രമല്ല അത് നേരിട്ട് തന്നെ മനസ്സിലാക്കിയതിന് ശേഷമാണ് അവര്‍ ഗോദയില്‍ ജമാഅത്തിനെ എതിരിടാന്‍ തന്നെ തയ്യാറെടുത്തത്.

ജമാഅത്തെ ഇസ്ലാമി എന്ന സംഘടന തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുവാന്‍ ഒരുങ്ങുമ്പോള്‍ അത് ഇസ്ലാമിന്റെ ദൈവീക നിലപാടിന് അനുസ്സരിച്ചാണ് എന്ന് പറയുകയാണ്‌ ലത്തീഫ് ചെയ്യുന്നത്. ഇന്ത്യയിലെപ്പോലെ ജനങ്ങള്‍ക്ക്‌ വേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ഭരണാധികാരികള്‍ നിയന്ത്രിക്കുന്ന ഒരു സംവിധാനത്തെ ഇസ്ലാമിന്റെ ദൈവം അംഗീകരിക്കുന്നു എന്ന് പറയുവാന്‍ ലത്തീഫ് ചൂണ്ടിക്കാട്ടുന്നതു ഒരു ഖുര്‍ആന്‍ സൂക്തം ആണ്

നൂഹിനോട് അനുശാസിച്ചിട്ടുണ്ടായിരുന്നതും ദിവ്യസന്ദേശം വഴി ഇപ്പോള്‍ നിന്നിലേക്കയച്ചിട്ടുള്ളതും ഇബ്റാഹീം, മൂസാ, ഈസാ എന്നിവരോടനുശാസിച്ചിരുന്നതുമായ അതേ ദീനിനെത്തന്നെ നിങ്ങള്‍ക്ക് നിയമിച്ചുതന്നിരിക്കുന്നു; ഈ ദീനിനെ നിലനിര്‍ത്തുവിന്‍, അതില്‍ ഭിന്നിക്കരുത് എന്ന താക്കീതോടുകൂടി. പ്രവാചകന്‍, പ്രബോധനം ചെയ്തുകൊണ്ടിരിക്കുന്ന ഈ സംഗതി ബഹുദൈവവിശ്വാസികള്‍ക്ക് ഏറ്റം അസഹ്യമായിത്തീര്‍ന്നിരിക്കുന്നു. താന്‍ ഇച്ഛിക്കുന്നവനെ, അല്ലാഹു തന്റേതാക്കുന്നു. അവങ്കലേക്ക് മടങ്ങുന്നവര്‍ക്ക് അവന്‍ തന്നിലേക്കുള്ള വഴി കാട്ടിക്കൊടുക്കുകയും ചെയ്യുന്നു. (13:13).

ഈ സൂക്തത്തില്‍ പറയുന്ന ദീന്‍ ഇന്ത്യയിലെ ജനാധിപത്യ പ്രക്രിയ ആണെന്നും ഈ സൂക്തം എങ്ങനെയാണ് ജനാധിപത്യ പ്രക്രിയയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുന്നത് എന്ന് ഒറ്റ നോട്ടത്തില്‍ മനസ്സിലാക്കുവാന്‍ സാധിക്കാത്തവര്‍ വ്യാഖ്യാന സഹിതം മനസ്സിലാക്കുവാന്‍ ലത്തീഫിന്റെ പോസ്റ്റു വായിച്ചാല്‍ മതി. ദൈവം നേരിട്ട് പറഞ്ഞു തന്ന പുസ്തകത്തിലെ ജനാധിപത്യം മനസ്സിലാകണം എങ്കില്‍ ഏതെങ്കിലും വിശ്വാസി വ്യാഖ്യാനിക്കണം. എന്നാല്‍ അതെ വിശ്വാസികളുടെ കണ്ണില്‍ പിശാചിന്റെ സന്തതികള്‍ ആയ യഹൂദന്മാര്‍ തങ്ങളുടെ വേദപുസ്തകത്തില്‍ "പഞ്ചായത്തിരാജ്" എന്ന ഇന്ത്യന്‍ സംവിധാനത്തിന്റെ ഒരു ആദിമ രൂപം തന്നെ എഴുതി വച്ചിട്ടുണ്ട്. യഹൂദന്മാരുടെ പുസ്തകം സംഘടിപ്പിക്കുവാന്‍ തത്ക്കാലം ബുദ്ധിമുട്ടുള്ളതിനാല്‍ ബൈബിളിലെ പഴയ നിയമത്തില്‍ നിന്നും :

കഴിവും ദൈവഭയമുള്ളവരും സത്യസന്‌ധരും കൈക്കൂലി വെറുക്കുന്നവരുമായ ആളുകളെ ജനത്തില്‍നിന്നു തിരഞ്ഞെടുത്ത്‌ അവരെ ആയിരവും നൂറും അന്‍പതും പത്തും വീതമുള്ള ഗണങ്ങളുടെ അധിപന്‍മാരായി നിയമിക്കുക. അവര്‍ എല്ലായ്‌പ്പോഴും ജനങ്ങളുടെ തര്‍ക്കങ്ങള്‍ക്കു തീര്‍പ്പു കല്‍പിക്കട്ടെ. വലിയ കാര്യങ്ങള്‍ നിന്നെ ഏല്‍പിക്കുകയും ചെറിയവ അവര്‍തന്നെ തീരുമാനിക്കുകയും ചെയ്യട്ടെ. അങ്ങനെ അവര്‍ നിന്നെ സഹായിക്കുമ്പോള്‍ നിന്‍െറ ജോലി എളുപ്പമാകും (പുറപ്പാട് 18 : 21-22)

എന്റെ കഴിഞ്ഞ പോസ്റ്റ് ലത്തീഫിന്റെ ഖുര്‍ആനിലെ ശാസ്ത്രീയ സത്യങ്ങള്‍ എന്ന ലേഖനത്തോടുള്ള ഒരു പ്രതികരണം ആയിരുന്നു. എന്റെ പോസ്റ്റിനെക്കുറിച്ച് ലത്തീഫിന്റെ ബ്ലോഗില്‍ ഞാന്‍ ഒരു കമന്റു എഴുതി, നിമിഷങ്ങള്‍ക്കകം ആ കമന്റ് നീക്കം ചെയ്യപ്പെട്ടു. ദൈവീകം എന്ന് ലത്തീഫ് അവകാശപ്പെടുന്ന ശാസ്ത്രീയ സത്യങ്ങള്‍ "പങ്കു വയ്ക്കുവാന്‍" മറ്റുള്ളവരും വരുന്നത് ഇഷ്ട്ടപ്പെടാത്തത് കൊണ്ടാവാം അങ്ങനെ ചെയ്തത് എന്നു കരുതുന്നു. ഒരു മത സംഘടനയായ ജമാഅത്തെ ഇസ്‌ലാമി മതേതര പ്രക്രിയയായ തിരഞ്ഞെടുപ്പില്‍ പങ്കുടുക്കുന്നത് "ദീനിനെ നിലനിര്‍ത്തുവിന്‍" എന്ന ഖുര്‍ ആന്‍ ആഹ്വാനം അനുസ്സരിച്ചാണ് എന്ന് ലത്തീഫ് പറയുമ്പോള്‍ ഖുര്‍ ആനിലെ ദൈവത്തിനു തന്റെ മാത്രം മതമേ ഉള്ളൂവെന്നും മറ്റുള്ള മതവിശ്വാസികളും മതം ഇല്ലാത്തവരും ശിക്ഷിക്കപ്പെടെണ്ടവര്‍ ആണെന്നുമുള്ള ഖുര്‍ ആനിലെ സത്യം മനപൂര്‍വ്വം മറക്കുന്നു.

Tuesday, September 28, 2010

മതഗ്രന്ഥങ്ങള്‍ ശാസ്ത്രസത്യങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ടോ?

മതവും ശാസ്ത്രവും രണ്ടു വ്യത്യസ്തങ്ങളായ ഭൂമികയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ശാസ്ത്രം ഭൌതികമായ കാര്യങ്ങളില്‍ മനുഷ്യന് കൂടുതല്‍ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും അറിവുകുളും നല്‍കുമ്പോള്‍ മതവിശ്വാസം ആത്മീയമായ കാര്യങ്ങളില്‍ മനുഷ്യനെ സഹായിക്കുന്നു. മതവിശ്വാസം, ഈ പ്രപഞ്ചത്തിനു "ദൈവം" എന്ന പേരുള്ള ഒരു ബാഹ്യനിയന്ത്രണത്തിന്റെ ആവശ്യകത നല്‍കുന്നു. എന്നാല്‍ ശാസ്ത്രം ഇങ്ങനെയൊരു ആവശ്യകത ഉണ്ട് എന്ന് കരുതുന്നില്ല. നിലപാടുകളിലെ ഈ വൈരുദ്ധ്യങ്ങള്‍ മൂലം പലപ്പോഴും ശാസ്ത്രവും മതവും ആശയപരമായി ഏറ്റുമുട്ടാറുമുണ്ട്. എന്നാല്‍ ഇന്ന് പലപ്പോഴും മതവിശ്വാസികള്‍ ആത്മീയ കാര്യങ്ങളെക്കാള്‍ ഭൌതീകമായ കാര്യങ്ങള്‍ക്ക് ഉള്ള തെളിവുകളാണ് തങ്ങളുടെ മതങ്ങളുടെ വേദഗ്രന്ഥങ്ങളില്‍ അന്വേഷിക്കുന്നത്. ഇത്തരം അന്വേഷണങ്ങളില്‍ ലഭിക്കുന്ന ഏതെങ്കിലും ആലങ്കാരിക പ്രയോഗങ്ങളും മറ്റും ഈ നൂറ്റാണ്ടിലെ ശാസ്ത്രസത്യങ്ങള്‍ "തങ്ങളുടെ മാത്രം ദൈവം" നൂറ്റാണ്ടുകള്‍ക്കു മുന്‍പേ തങ്ങളുടെ മാത്രം വേദഗ്രന്ഥത്തില്‍ എഴുതി വച്ചിട്ടുണ്ട് എന്ന തരത്തില്‍ പലപ്പോഴും അവതരിപ്പിച്ചു കാണാറുണ്ട്‌. ഇത്തരത്തില്‍ "ഖുര്‍ആനിലെ ശാസ്ത്രീയ സത്യങ്ങള്‍" എന്ന രീതിയില്‍ അവതരിപ്പിച്ച ചില "ശാസ്ത്രീയ സത്യങ്ങള്‍" അതേ ആശയത്തോടെ / സമാനമായ ആശയത്തോടെ ബൈബിളിലും കാണുവാന്‍ ഇടയായതാണ് ഇവിടെ അവതരിപ്പിക്കുന്നത്‌.

ഈ ജനം ഭൂമിയില്‍ സഞ്ചരിച്ചിട്ടില്ലെന്നോ, അവര്‍ക്ക് ഗ്രഹിക്കുന്ന മനസ്സുകളും കേള്‍ക്കുന്ന കാതുകളും ഉണ്ടാകുന്നതിന്? എന്നാല്‍ കണ്ണുകളല്ല അന്ധമാകുന്നത്; പ്രത്യുത, മാറിടങ്ങളിലുള്ള ഹൃദയങ്ങളാണ് അന്ധമാകുന്നത്. (ഖുര്‍ആന്‍ 22:46)

ശാസ്ത്രീയ സത്യം : മാറിടങ്ങളിലാണ് ഹൃദയം ഉള്ളത് (ശാസ്ത്രം എന്നാണു ഇത് കണ്ടു പിടിച്ചത്? അല്ലാഹു ആറാം നൂറ്റാണ്ടില്‍ തന്നെ പറഞ്ഞു) പക്ഷെ ഇതെനെക്കാള്‍ വലിയൊരു കണ്ടു പിടുത്തം ക്രിസ്ത്യാനികളുടെ ദൈവം അതിനു മുന്‍പേ നടത്തിയിരുന്നു - രക്തം പമ്പ് ചെയ്യുന്നത് ഹൃദയമാണെന്നും അത് നേരാവണ്ണം നോക്കിയില്ലെങ്കില്‍ തട്ടിപ്പോകും എന്നും. -

നിന്‍െറ ഹൃദയത്തെ ജാഗരൂകതയോടെ കാത്തുസൂക്‌ഷിക്കുക; ജീവന്‍െറ ഉറവകള്‍ അതില്‍ നിന്നാണൊഴുകുന്നത്‌. (സുഭാഷിതങ്ങള്‍ 4 :23) 

- ഇവിടെ ജീവന്റെ ഉറവ എന്ന് പറയുന്നത് രക്തമല്ലേ? അപ്പോള്‍ ആരാണ് കേമന്‍ - അല്ലാഹുവോ അതോ കര്‍ത്താവോ?

സൂര്യന്‍ അതിന്റെ സ്ഥിരസ്ഥാനത്തേക്ക് സഞ്ചരിക്കുന്നു. അത് പ്രതാപിയും സര്വപജ്ഞനുമായ അല്ലാഹുവിന്റെ തീരുമാനമത്രേ.ചന്ദ്രന് നാം ചില മണ്ഡലങ്ങള്‍ നിശ്ചയിച്ചു. അങ്ങിനെ ഉണങ്ങിയ ഈത്തപ്പനകുല പോലെയാകുന്നു.ചന്ദ്രനെ പ്രാപിക്കുക സൂര്യനു ചേര്‍ന്നതല്ല. രാത്രി പകലിനെ മുന്കടക്കുകയില്ല. എല്ലാം അവയുടെ ഭ്രമണപഥത്തില്‍ നീന്തി കൊണ്ടിരിക്കുന്നു.(അദ്ധ്യായം, യാസീന്‍ ;38,39,40)

ഖുര്‍ആനില്‍ സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും ഉണ്ട്. പക്ഷെ മഴ ഉണ്ടാകുന്നത് എങ്ങനെയാണ് എന്നു അല്ലാഹു പറഞ്ഞിട്ടുണ്ടോ എന്നു അറിയില്ല, പക്ഷെ മഴ എങ്ങനെ ഉണ്ടാവുന്നു എന്നു ബൈബിളില്‍ പറഞ്ഞിട്ടുണ്ട്.

കാര്‍ത്തികയെയും മകയിരത്തെയും സൃഷ്‌ടിക്കുകയും കൂരിരുട്ടിനെ പ്രഭാതമായി മാറ്റുകയും, പകലിനെ രാത്രിയാക്കുകയും സമുദ്രജലത്തെ വിളിച്ചുവരുത്തി, ഭൂതലമാകെ വര്‍ഷിക്കുകയും ചെയ്യുന്ന അവിടുത്തെനാമം കര്‍ത്താവ്‌ എന്നാണ്‌ (ആമോസ് 5:8)

- ഈ ഒരൊറ്റ വാക്യത്തിലൂടെ പകലും രാത്രിയും നക്ഷത്രങ്ങളും (കാര്‍ത്തികയും മകയിരവും ബൈബിളില്‍ ഉള്ളതുകൊണ്ട് ക്രിസ്ത്യാനികള്‍ ജോത്സ്യന്മാരെ കാണുന്നത് കൊണ്ട് കുഴപ്പമില്ലായിരിക്കും) സമുദ്രവും സമുദ്രത്തില്‍ നിന്നും മഴയും എല്ലാം പറഞ്ഞുകൊണ്ട് കൂടുതല്‍ ശാസ്ത്രീയത വീണ്ടും "കര്‍ത്താവ്" തെളിയിച്ചിരിക്കുകയാണ്. ഒരു പക്ഷെ ശാസ്ത്രജ്ഞന്‍മാര്‍ ബൈബിള്‍ വായിച്ചിട്ടായിരിക്കാം മഴ എങ്ങനെ ഉണ്ടാവുന്നു എന്നു ഗവേഷണം നടത്തിയത്!!!

ഭൂമിയുടെ ആകൃതി പറയാനോ, മഴയുടെ വര്‍ഷിക്കുന്നതെങ്ങനെ എന്ന് വ്യക്തമാക്കാനോ, പനിക്കുള്ള പാരാസെറ്റാമോള്‍ നിര്‍മിക്കേണ്ടതെങ്ങനെയെന്നോ ഒരു പ്രവാചകന്‍ നിയോഗിതനായി പറഞ്ഞുതരേണ്ട കാര്യമല്ല. (എന്നു ഒരു വിശ്വാസി) - എങ്കിലും ഞങ്ങളുടെ പ്രവാചകന്‍ അതൊക്കെ പറഞ്ഞിട്ടുണ്ട് എന്നു ഞങ്ങള്‍ തെളിയിക്കും. (എന്നു അതേ വിശ്വാസി)

സ്വന്തം വേദഗ്രന്ഥം മാത്രം സത്യം, അതില്‍ ഇല്ലാത്തതൊന്നും ലോകത്തില്ല, ഇന്നലെവരെ കണ്ടെത്തിയതും ഇന്ന് കണ്ടെത്തുന്നതും നാളെ കണ്ടെത്തുവാന്‍ ഉള്ളതും എല്ലാം അതില്‍ ഉണ്ട് എന്നു വിശ്വസിക്കുവാന്‍ ഏതൊരു മതവിശ്വാസ്സിക്കും അവകാശമുണ്ട്‌. പക്ഷെ ആ വിശ്വാസം എന്തോ മഹത്തായ കാര്യമാണ് എന്ന രീതിയില്‍ വിളിച്ചു കൂവുംമുന്‍പ് ചുറ്റും നോക്കുന്നത് നല്ലതാണ്. മറ്റുള്ളവരുടെ ദൈവങ്ങളുമായോ ഗ്രന്ഥങ്ങളുമായോ ഇത്തരം "ശാസ്ത്രീയ സത്യങ്ങളുടെ" അവകാശം പങ്കു വയ്ക്കപ്പെടുന്നുണ്ടോ എന്ന്.

നൂറ്റാണ്ടുകള്‍ക്കു മുന്‍പ് എഴുതപ്പെട്ടവ അന്നത്തെ മനുഷ്യരോട് അന്നത്തെ സാഹചര്യങ്ങളിലും അറിവുകളിലും നിന്നുകൊണ്ട് അന്നത്തെ വ്യക്തികള്‍ സംസാരിച്ചവയാണ് എന്ന പ്രാഥമിക ബോധം പോലും ഇല്ലാതെ ആധുനിക ശാസ്ത്രം കണ്ടെത്തിയവ ഒക്കെയും അന്നേ പറഞ്ഞു വച്ചിരുന്നവയാണ് എന്ന് വാദിക്കുന്നവരെ പമ്പര വിഡ്ഢികള്‍ എന്നു തന്നെ വിളിക്കണം.

--------------------------------------------------------------------------------

അനുബന്ധം : ഈ പോസ്റ്റു പ്രസദ്ധീകരിച്ചതിനു ശേഷം ആദ്യത്തെ ഇരുപത്തിമൂന്നു മണിക്കൂറിലെ സന്ദര്‍ശകരുടെ വിവരങ്ങള്‍ ബ്ലോഗറില്‍ നിന്നും പകര്‍ത്തിയത് ചുവടെ ചേര്‍ക്കുന്നു. ഇവരില്‍ കുറെ പേരെങ്കിലും ഞാന്‍ ആരെ ഉദ്ദേശിച്ചാണോ എഴുതിയത് അവരില്‍പ്പെട്ടവര്‍ ആയിരിക്കും. എന്തുകൊണ്ടാണ് എന്നറിയില്ല ആരും പ്രതികരിച്ചു കണ്ടില്ല.

(ചിത്രത്തില്‍ ക്ലിക്കിയാല്‍ വലുതായി കാണാം)