Thursday, September 30, 2010

വേദപുസ്തകത്തിലെ ജനാധിപത്യം

സി.കെ.ലത്തീഫ് തന്റെ "മുഖംമൂടിയണിഞ്ഞ ജമാഅത്തെ ഇസ്‌ലാമി?" എന്ന ലേഖനത്തില്‍ എഴുതിയിരിക്കുന്ന ചില വാചകങ്ങളാണ്:

ഇസ്‌ലാം എന്നത് കേവലം ഒരു ആദ്യാത്മിക മതമല്ല. ഒരു ജീവിത ദര്‍ശനമാണ്. സമ്പൂര്‍ണവ്യവസ്ഥയാണ്. മനുഷ്യന്റെ ലൗകിവും പാരത്രികവുമായ പരിഹാരമാണ്. ഒരു ദൈവിക വ്യവസ്ഥ സ്വാഭാവികമായും അത് ആവശ്യപ്പെടുന്നുണ്ട്. വ്യക്തിജീവിതത്തില്‍ ദൈവികനിയമങ്ങള്‍ പാലിക്കണമെന്നത് പോലെ സാമൂഹ്യമേഖലകളിലും ദൈവികനിയമങ്ങല്‍ പര്യപ്തമാണെന്ന് അത് ഉറച്ചുവിശ്വസിക്കുന്നു. രാഷ്ട്രീയമായ മേഖലകളിലും ദൈവികനിയമനിര്‍ദ്ദേശങ്ങളെ വെല്ലാന്‍ മറ്റൊരു നിയമമില്ല എന്നാണ് അതിന്റെ പ്രബോധനം..... ഇത് മനസ്സിലാക്കുന്ന ജമാഅത്തെ ഇസ്‌ലാമി തങ്ങളുള്‍കൊള്ളുന്ന സമൂഹത്തില്‍ ഇതെങ്ങനെ പ്രാവര്‍ത്തികമാക്കും എന്ന വഴി അന്വേഷിക്കുക സ്വാഭാവികമാണ്. അതിനവര്‍ക്ക് കാലാകാലങ്ങളില്‍ കൂടിയാലോചനകളിലൂടെ ലഭിച്ച ഉത്തരമാണ് അതിന്റെ രാഷ്ട്രീയ നിലപാടുകള്‍. ജമാഅത്ത് ആദ്യമായി രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയല്ല ഇപ്പോഴുണ്ടായത്. ഇതുവരെ അതെടുക്കുന്ന രാഷ്ട്രീയ തീരുമാനങ്ങള്‍ നിലവിലുള്ള ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രയോജനകരമായതുകൊണ്ട് ഇപ്പോള്‍ അവര്‍ പറയുന്ന ആരോപണങ്ങളൊന്നും മിണ്ടാറില്ല. ജമാഅത്തെടുത്ത് പുതിയ തീരുമാനം തങ്ങളുടെ രാഷ്ട്രീയത്തെ എങ്ങനെ ബാധിക്കുമെന്നാണ് അവര്‍ ചിന്തിച്ചത്. മാത്രമല്ല അത് നേരിട്ട് തന്നെ മനസ്സിലാക്കിയതിന് ശേഷമാണ് അവര്‍ ഗോദയില്‍ ജമാഅത്തിനെ എതിരിടാന്‍ തന്നെ തയ്യാറെടുത്തത്.

ജമാഅത്തെ ഇസ്ലാമി എന്ന സംഘടന തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുവാന്‍ ഒരുങ്ങുമ്പോള്‍ അത് ഇസ്ലാമിന്റെ ദൈവീക നിലപാടിന് അനുസ്സരിച്ചാണ് എന്ന് പറയുകയാണ്‌ ലത്തീഫ് ചെയ്യുന്നത്. ഇന്ത്യയിലെപ്പോലെ ജനങ്ങള്‍ക്ക്‌ വേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ഭരണാധികാരികള്‍ നിയന്ത്രിക്കുന്ന ഒരു സംവിധാനത്തെ ഇസ്ലാമിന്റെ ദൈവം അംഗീകരിക്കുന്നു എന്ന് പറയുവാന്‍ ലത്തീഫ് ചൂണ്ടിക്കാട്ടുന്നതു ഒരു ഖുര്‍ആന്‍ സൂക്തം ആണ്

നൂഹിനോട് അനുശാസിച്ചിട്ടുണ്ടായിരുന്നതും ദിവ്യസന്ദേശം വഴി ഇപ്പോള്‍ നിന്നിലേക്കയച്ചിട്ടുള്ളതും ഇബ്റാഹീം, മൂസാ, ഈസാ എന്നിവരോടനുശാസിച്ചിരുന്നതുമായ അതേ ദീനിനെത്തന്നെ നിങ്ങള്‍ക്ക് നിയമിച്ചുതന്നിരിക്കുന്നു; ഈ ദീനിനെ നിലനിര്‍ത്തുവിന്‍, അതില്‍ ഭിന്നിക്കരുത് എന്ന താക്കീതോടുകൂടി. പ്രവാചകന്‍, പ്രബോധനം ചെയ്തുകൊണ്ടിരിക്കുന്ന ഈ സംഗതി ബഹുദൈവവിശ്വാസികള്‍ക്ക് ഏറ്റം അസഹ്യമായിത്തീര്‍ന്നിരിക്കുന്നു. താന്‍ ഇച്ഛിക്കുന്നവനെ, അല്ലാഹു തന്റേതാക്കുന്നു. അവങ്കലേക്ക് മടങ്ങുന്നവര്‍ക്ക് അവന്‍ തന്നിലേക്കുള്ള വഴി കാട്ടിക്കൊടുക്കുകയും ചെയ്യുന്നു. (13:13).

ഈ സൂക്തത്തില്‍ പറയുന്ന ദീന്‍ ഇന്ത്യയിലെ ജനാധിപത്യ പ്രക്രിയ ആണെന്നും ഈ സൂക്തം എങ്ങനെയാണ് ജനാധിപത്യ പ്രക്രിയയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുന്നത് എന്ന് ഒറ്റ നോട്ടത്തില്‍ മനസ്സിലാക്കുവാന്‍ സാധിക്കാത്തവര്‍ വ്യാഖ്യാന സഹിതം മനസ്സിലാക്കുവാന്‍ ലത്തീഫിന്റെ പോസ്റ്റു വായിച്ചാല്‍ മതി. ദൈവം നേരിട്ട് പറഞ്ഞു തന്ന പുസ്തകത്തിലെ ജനാധിപത്യം മനസ്സിലാകണം എങ്കില്‍ ഏതെങ്കിലും വിശ്വാസി വ്യാഖ്യാനിക്കണം. എന്നാല്‍ അതെ വിശ്വാസികളുടെ കണ്ണില്‍ പിശാചിന്റെ സന്തതികള്‍ ആയ യഹൂദന്മാര്‍ തങ്ങളുടെ വേദപുസ്തകത്തില്‍ "പഞ്ചായത്തിരാജ്" എന്ന ഇന്ത്യന്‍ സംവിധാനത്തിന്റെ ഒരു ആദിമ രൂപം തന്നെ എഴുതി വച്ചിട്ടുണ്ട്. യഹൂദന്മാരുടെ പുസ്തകം സംഘടിപ്പിക്കുവാന്‍ തത്ക്കാലം ബുദ്ധിമുട്ടുള്ളതിനാല്‍ ബൈബിളിലെ പഴയ നിയമത്തില്‍ നിന്നും :

കഴിവും ദൈവഭയമുള്ളവരും സത്യസന്‌ധരും കൈക്കൂലി വെറുക്കുന്നവരുമായ ആളുകളെ ജനത്തില്‍നിന്നു തിരഞ്ഞെടുത്ത്‌ അവരെ ആയിരവും നൂറും അന്‍പതും പത്തും വീതമുള്ള ഗണങ്ങളുടെ അധിപന്‍മാരായി നിയമിക്കുക. അവര്‍ എല്ലായ്‌പ്പോഴും ജനങ്ങളുടെ തര്‍ക്കങ്ങള്‍ക്കു തീര്‍പ്പു കല്‍പിക്കട്ടെ. വലിയ കാര്യങ്ങള്‍ നിന്നെ ഏല്‍പിക്കുകയും ചെറിയവ അവര്‍തന്നെ തീരുമാനിക്കുകയും ചെയ്യട്ടെ. അങ്ങനെ അവര്‍ നിന്നെ സഹായിക്കുമ്പോള്‍ നിന്‍െറ ജോലി എളുപ്പമാകും (പുറപ്പാട് 18 : 21-22)

എന്റെ കഴിഞ്ഞ പോസ്റ്റ് ലത്തീഫിന്റെ ഖുര്‍ആനിലെ ശാസ്ത്രീയ സത്യങ്ങള്‍ എന്ന ലേഖനത്തോടുള്ള ഒരു പ്രതികരണം ആയിരുന്നു. എന്റെ പോസ്റ്റിനെക്കുറിച്ച് ലത്തീഫിന്റെ ബ്ലോഗില്‍ ഞാന്‍ ഒരു കമന്റു എഴുതി, നിമിഷങ്ങള്‍ക്കകം ആ കമന്റ് നീക്കം ചെയ്യപ്പെട്ടു. ദൈവീകം എന്ന് ലത്തീഫ് അവകാശപ്പെടുന്ന ശാസ്ത്രീയ സത്യങ്ങള്‍ "പങ്കു വയ്ക്കുവാന്‍" മറ്റുള്ളവരും വരുന്നത് ഇഷ്ട്ടപ്പെടാത്തത് കൊണ്ടാവാം അങ്ങനെ ചെയ്തത് എന്നു കരുതുന്നു. ഒരു മത സംഘടനയായ ജമാഅത്തെ ഇസ്‌ലാമി മതേതര പ്രക്രിയയായ തിരഞ്ഞെടുപ്പില്‍ പങ്കുടുക്കുന്നത് "ദീനിനെ നിലനിര്‍ത്തുവിന്‍" എന്ന ഖുര്‍ ആന്‍ ആഹ്വാനം അനുസ്സരിച്ചാണ് എന്ന് ലത്തീഫ് പറയുമ്പോള്‍ ഖുര്‍ ആനിലെ ദൈവത്തിനു തന്റെ മാത്രം മതമേ ഉള്ളൂവെന്നും മറ്റുള്ള മതവിശ്വാസികളും മതം ഇല്ലാത്തവരും ശിക്ഷിക്കപ്പെടെണ്ടവര്‍ ആണെന്നുമുള്ള ഖുര്‍ ആനിലെ സത്യം മനപൂര്‍വ്വം മറക്കുന്നു.

No comments: